ഭരണഘടനാ ദർശനം ചുറ്റുപാടിൽ ആവിഷ്ക്കരിക്കുക: ജസ്റ്റിസ് കുര്യൻ ജോസഫ്.

ദയാപുരം : ഭരണഘടനയുടെ മഹത്തായ ദർശനത്തെ സ്വന്തം വ്യക്തി കുടുംബ സാമുദായിക സാമൂഹ്യചുറ്റുപാടുകളിൽ ആവിഷ്ക്കരിക്കാൻ ശ്രമിക്കുകയാണ് ഓരോ ഇന്ത്യക്കാരൻ്റെയും കടമയെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
 
പണത്തിനോ പദവിക്കോ പ്രശസ്തിക്കോ സ്ഥാനമാനങ്ങള്‍ക്കോ അപ്പുറത്തുള്ള ഭരണഘടനാദർശനമാണ് ദയാപുരംപോലുള്ള സ്ഥാപനങ്ങള്‍ പ്രവർത്തനങ്ങളിലൂടെ നമ്മെ പഠിപ്പിക്കുന്നതെന്ന് മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് കുര്യൻ ജോസഫ്. ഭരണഘടനയുടെ അഞ്ചാമത്തെ സ്തൂപമായ സിവിക് സൊസൈറ്റിയില്‍ പെടുന്നു ദയാപുരത്തിന്‍റെ ആശയങ്ങളും പ്രവർത്തനങ്ങളും.

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ അഭിമാനകരമായ വിജയം നേടിയ ദയാപുരം റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി കാമ്പസിൽ ഒരുക്കിയ 'മെറിറ്റ് മീറ്റി'ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാല് അടിസ്ഥാനമൂല്യങ്ങളാണ് ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്. അനേകം മതങ്ങളും വിശ്വാസങ്ങളും ഭാഷകളും ദർശനങ്ങളും സംസ്കാരങ്ങളും ജീവിതരീതികളും നിലനില്ക്കെത്തന്നെ ഭാരതീയരെല്ലാം ഒരേപോലെ പിന്‍പറ്റുന്ന വിശുദ്ധഗ്രന്ഥമാണു നമ്മുടെ ഭരണഘടന. ജാതിമതവർണലിംഗവ്യത്യാസങ്ങള്‍ക്കപ്പുറം ഭരതീയനെന്ന അന്തസ്സ് അത് നമുക്ക് ഉറപ്പുനല്കുന്നു. ആ അന്തസ്സ് പരസ്പരം ഉറപ്പുവരുത്തേണ്ടത് പൌരന്‍റെ ഉത്തരവാദിത്തമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വൈവിധ്യങ്ങള്‍ക്കും വൈജാത്യങ്ങള്‍ക്കും അപ്പുറം ഭാരതീയരെന്നനിലയില്‍ നാം ഒന്നാണെന്നതാണ് ഭരണഘടനാദർശനം. സമൂഹത്തില്‍നിന്ന് വളവും വെള്ളവും എടുക്കാതെ ഒരുമനുഷ്യനും വളർന്നിട്ടില്ല.  ദേശത്തില്‍നിന്നെടുത്ത് ദേശത്തിനുതന്നെ തിരിച്ചുകൊടുക്കുന്നതാണ് യഥാർത്ഥ പൌരബോധം. ആ ആലോചനയാണ് സന്നദ്ധ സേവനത്തിൻ്റെ അടിസ്ഥാനം. ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.

മരക്കാർ ഹാളിൽ ചേർന്ന ചടങ്ങില്‍ ഡോ. എം.എം ബഷീർ അധ്യക്ഷനായിരുന്നു. ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തി. ദയാപുരം പ്രളയപുനരധിവാസ സാമൂഹികപുനർനിർമിതി പദ്ധതിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങള്‍ ഡോ. എന്‍.പി ആഷ് ലി അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജി സാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി, വൈസ് പ്രിന്‍സിപ്പല്‍ കെ. മുരളീധരന്‍, അഡ്മിനിസ്ട്രേറ്റർ കെ.കുഞ്ഞോയി, അധ്യാപകരായ കെ.എസ് രാജീവ്കുമാർ, നീത ഡേവിസ് എന്നിവർ പ്രസംഗിച്ചു. സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികള്‍ ചടങ്ങില്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.